Wednesday 23 December 2015

ഹാസ


 
 പ്രഭാതത്തിൻറ്റെ വെളുത്ത നൂലിഴകൾ വീഴാൻ തുടങ്ങിയിട്ടില്ലരാന്തലുകൾ തെളിയുന്നതേയുള്ളൂ..…ഒരു ജാള്യതയോടെ പോകാനിറങ്ങിയ ഇരുട്ടിൻറ്റെ കൂടെ അയാളും  വേഗത്തിലിറങ്ങി  നടന്നു...ആദ്യ വണ്ടി പിടിച്ചു സത്യമംഗലത്തെത്തിയപ്പോഴേക്കും ഉച്ചഭാഷിണിയിൽ  " അല്ലാഹു  അക്ബർ " മുഴങ്ങുന്നുണ്ടായിരുന്നു . ഇന്ന്  കുറച്ചു  വൈകിപ്പോയെന്നു  തോന്നുന്നു . അല്ലെങ്ങിൽ സത്യമംഗലത്തു നിന്നു ബസ്കേറി മുളങ്കുന്നത്ത്  പാലം  കടക്കുമ്പോഴാണ് ബാങ്ക്കേൾക്കാറുള്ളത് . തോളിൽ  ഉണ്ടായിരുന്ന ചാക്ക്  പൈപ്പിനടുത്തുള്ള  തിണ്ണയിൽ ഒതുക്കി വച്ച്  കാലു കഴുകി പള്ളിയിലേക്ക്  കയറി സുബഹി  നിസ്കാരത്തെ  അനുഗമിച്ചു..

  ഭിത്തിയിൽ പതിഞ്ഞിരുന്ന ക്ലോക്കിൽ ചെറിയ സൂചിയും വലിയ സൂചിയും അഞ്ചിലേക്ക് ഓടിക്കേറികൃത്യം-മാഷ് പോയി ..പശ്ചാത്തലത്തിൽ പ്രാർഥനയിലെത്തിയ നിസ്കാരം തകർക്കുകയാണ് .ഇടക്കിടക്ക്  സ്വരം ഇടറുന്നു ... കരയുന്നു .. ചുമയ്ക്കുന്നു . ഇതൊന്നും
ശ്രദ്ധിക്കാതെ  സൂചി പിന്നെയും ഇഴഞ്ഞു കൊണ്ടേയിരുന്നു .. അതിനിടയിൽ എപ്പോഴോ 'റാണി ' യും പോയി ...അയാൾ മെല്ലെ നീങ്ങി നീങ്ങി വാതിൽപ്പടിയോടു ചേർന്നിരുന്നു ഫലമുണ്ടായില്ല ..അവസാന പ്രതീക്ഷയായ പി എം ആർ നെയും പറഞ്ഞയച്ച് മൂന്നു സൂചികൾ അയാളെ നോക്കി ക്രൂരമായി ചിരിച്ചു…

ഒരു നെടുവീർപ്പോടെ  "പടച്ചോനെ...വല്ലാത്ത ചെയ്തായിപ്പോയി ??",

ഇതു കേട്ട ഒരു അപരിചിതൻ,“ആദ്യായിട്ടാണോ  ഇവിടെ..? “ അയാൾ തലയാട്ടി.

അപരിചിതൻ തുടർന്നു,  "വെറുതെയല്ല .. ഇതിവിടെ സ്ഥിരം ഏർപ്പാടാണ്. കുറച്ചു നൊസ്സുണ്ടേ  മൂപ്പർക്ക്. ഇന്നത്തെ ഈ നീട്ടലിന്റെ കാര്യം വേറൊന്നുമല്ല ... മൂപ്പരാന്  ഇവിടുത്തെ അത്താഴം കൊട്ടി..ആരും ഏൽപ്പിച്ചതല്ല .. എല്ലാം സ്വന്തമങ്ങു ഏറ്റെടുക്കുന്നതാ .
വെളുപ്പിന് , ഉറങ്ങി കിടന്ന കേശവൻ നായരെ  അത്താഴം  കുടിക്കാൻ വിളിച്ചുണർത്തി പോലും.."മുസ്തഫാക്ക എണീക്കിൻ..അത്താഴത്തിനു നേരായി.. എണീക്കിൻ .. എണീക്കിൻ .."ഉറക്കത്തിൽ നിന്നും ചാടി എണീറ്റ കേശവൻ നായർ  എവന്റെ കവാലം പൊളന്നു എന്നാണു കേട്ടത്

“അള്ളാ  നേരോ ?”

“പിന്നല്ലാതെയോ ?”

  തിണ്ണയിൽ   ചാരി അലസമായി എങ്ങോ നോക്കിയിരുന്ന  ചാക്കു ചൂണ്ടിക്കൊണ്ട് ,കടം വേടിച്ച്  അടങ്ങലെടുപ്പിച്ച  അടയ്ക്കയാണ് ആ ഇരിക്കുന്നത് ഇന്നിതു നടന്നില്ലെങ്കിൽ പിന്നെ നടക്കൂല്ല..." ഒരു ഗദ്ഗദത്തോടെ അയാളാ ചാക്കെടുത്തു തന്റെ തോലേറ്റി അപരിചിതനോട് യാത്ര പറഞ്ഞു നടന്നു നീങ്ങി. അപ്പോഴേക്കും വെളുത്ത മുണ്ടും വെളുത്ത ഷർട്ടുമിട്ട,മുഖത്ത് കാക്കപ്പുള്ളികൾ  വീണു തുടങ്ങിയൊരാൾ പള്ളിയിൽ നിന്നും വാതിൽപ്പടിയിലേക്കു  നടന്നു കയറി.

അപരിചിതൻ, "ഹാസ, നീ രക്ഷപ്പെട്ടന്നു കൂട്ടിക്കോ ... ദോ പോണ കണ്ടാ.. അവന്റെ ഇന്നത്തെ കച്ചോടം പോയി.. നല്ലവനാണെന്നു തോന്നുന്നു ഇല്ലേൽ നിന്നെ വെറുതെ വിട്ടിട്ടു പോകുമോ..??"

ഒരു തപ്പിത്തടച്ചിലോടെ, ഞാൻ .. ഞാൻ.. എന്തു ചെയ്തെന്നാ?

 "നല്ല  പഷ്ട്ട് ചോദ്യം” നിൻറെ ചുമയും കുരയും കരച്ചിലുമൊക്കെ കഴിഞ്ഞാലല്ലേ നിസ്കരിക്കാൻ വന്നോർക്കു പോകാനോക്കു.”

 “പോയീൻ… പോയീൻ… നിങ്ങള് നിങ്ങള ജോലി നോക്കീൻ...”

ടിയാനാണ് നമ്മുടെ കഥാനായകൻ - നാരകപ്പറമ്പിൽ ഈസ..നാരകപ്പറമ്പിൽ വീട്ടിലെ ഏഴു മക്കളിൽ നാലാമൻ..മേലിലും കീഴിലുമായി മൂന്നു സഹോദരികളും മൂന്നു സഹോദരന്മാരും.പതിവു തെറ്റിക്കാതെ പതിവിലും നേരത്തെ സഹോദരികൾ നിക്കാഹ് കഴിഞ്ഞു പോയി.എന്നാൽ ടിയാന്റെ കീഴെയുള്ള സഹോദരന്മാർ മൂപ്പരു കെട്ടാൻ കാത്തു നിന്ന് മൂത്തു നരച്ചു.നിക്കാഹ് കഴിക്കാനുള്ള അവരുടെ അടങ്ങാത്ത പൂതി ആങ്ങളയെ പെണ്ണു കാണിക്കാൻ ഓരോ വീട്ടിലും കേറ്റി ഇറക്കിയപ്പോൾ നേരെ ഇളയ അനിയൻ നാരകപറമ്പിൽ റഹീം  നാട്ടിലെത്തിച്ച പരാതി ഇപ്രകാരം.

"എങ്ങനെ നിക്കാഹ് നടക്കും..പെണ്ണു വരും ചായ കൊടുക്കും വാങ്ങി പിന്നില് വെയ്ക്കും, ചായ കുടിക്കില്ലല്ലോ! അപ്പോഴേക്കും നാരങ്ങ വെള്ളം വരും. അതും വാങ്ങി പിന്നില് ചായയോടടുപ്പിച്ചു വെയ്ക്കും, ഹറാത്തിൽ പിറന്ന നാലഞ്ച്  കൊസറാക്കൊള്ളി ചോദ്യങ്ങൾ ചോയിക്കും പെണ്ണിനോട്. അതോടെ ഹലാക്കിന്റെ അവിലും കഞ്ഞിയുമാകും അതും.എന്തിനു പറയണ് ഇയാൾടെ  ഉയിര്  കിടക്കണതെങ്ങനെയെന്ന് ഒടയ തമ്പുരാനു മാത്രമറിയാം.മുട്ട കഴിക്കൂല... മീൻ കഴിക്കൂല..പാലു കുടിക്കൂല...നല്ലൊരു വലിയ പെരുന്നാളിനു  പോലും ആട്ടിറച്ചിയോ കോയി ബിരിയാണിയോ കഴിക്കൂല. ഒരു നിക്കാഹു പോലും ഇയാളു കഴിക്കൂല.ഇവനെയൊക്കെ മുസ്‌ലിയാരാക്കിയോമ്മാരെ വേണം ആദ്യം അറയാൻ.ഒരു മൊയ്‌ലിയാര്.നെറ്റികുന്നിലബ്ബയേക്കാൾ വലിയ മുസ്‌ലിയാരാണോ യെവൻ ?എലപ്പയുടെ വീട്ടിപ്പോയി ഷിർക്കാനെന്നും പറഞ്ഞ് അവിടെ ഇരുന്നോരെ മുഴുവൻ ഇറക്കി വിട്ടതും കൂടെ അറിഞ്ഞോടെ നാരകപ്പറമ്പിന്ന് ഞങ്ങളടിച്ചുപുറത്താക്കി .മരിയാദി എങ്കി മരിയാദി... മരിയാദി  പടിച്ചിട്ട്‌ വരട്ടെ.”

ആരാണീ നെറ്റിക്കുന്നിലെബ്ബ.?

 നാലു ദിക്കിലായി മാറി നില്ക്കുന്ന നാലു കുന്നുകൾ ചേർന്ന സത്യമംഗലത്തെ വിഖ്യാതമാക്കുന്നതിൽ നെറ്റിക്കുന്നിലെബ്ബക്കുള്ള പങ്ക് ചില്ലറയോ ശിഷ്ട്ടമോ അല്ല .അത് വ്യക്തമാക്കാൻ മൂപ്പരുടെ വീടിനു മുന്നിലെ ഒരിക്കിലുമൊഴിയാത്ത കാലു നീണ്ട ബെഞ്ചുകൾക്കല്ലാതെ മറ്റാർക്കാണു കഴിയുക??അവിടേക്കു വന്നു പോയവരിൽ ചിലർ ഇരുട്ടിൽ ആളനക്കം കണ്ടു പേടിച്ചവർ, ദേഹാസ്വാസ്ത്യം വന്നു കുഴഞ്ഞു വീണവർ, പേരറിയാത്ത വിശേഷ രോഗങ്ങളിൽപ്പെട്ടു നീറുന്നവർ... അങ്ങനെ പോകുന്നു എലപ്പയുടെ അതിഥികൾ....കറുത്ത നൂലുകളിൽ ഓതി ഊതി കെട്ടുകൾ പലതും കെട്ടി അവരുടെ കൈത്തണ്ടയിൽ അയാൾ മറ്റൊരു കെട്ട് കെട്ടി.... ഇരുണ്ട നിറത്തിലുള്ള മഷികൊണ്ട് അറബി സൂക്തങ്ങൾ എഴുതിയ വെളുത്ത പിഞ്ഞാണത്തിൽ വെള്ളമൊഴിച്ച്  ചിലരെക്കൊണ്ടു കുടിപ്പിച്ചു....ആ കലങ്ങിയ വെള്ളവും ഓതി കെട്ടലുകളും അവരുടെ സന്ദേഹാംശങ്ങളെ ഊതിക്കെടുത്തിയതുകൊണ്ടോയെന്നറിയില്ല നാൾക്കുനാൾ അയാൾ നിറമുള്ള പലനൂലുകളും മാറിമാറി കെട്ടിക്കൊടുത്തു......
മൂപ്പരുടെ വീടിനോടു ചേർന്നാണ് തയ്ക്കാ പള്ളിയുള്ളത്,അരികിൽ ഓത്തു പള്ളിയും .

  നാരകപ്പറമ്പിൽ റഹീം പറഞ്ഞ പ്രകാരം ഹാസയെ മരിയാദി പഠിപ്പിക്കാൻവേണ്ടി ഇറക്കിവിട്ടപ്പോൾ മൂപ്പർക്കൊരഭയം  കൊടുത്തത് മേൽപ്പറഞ്ഞ  തയ്ക്കാ  പ്പള്ളിയാണ്.ആയിടക്കാണ് നിലവിലെ  മുസ്ലിയാരെ ഞരമ്പു രോഗത്തിനു പിടിച്ചതും ചെവിയിൽ തൂക്കി എറിഞ്ഞതും.ആ ഒഴിവിൽ നമ്മുടെ ഹാസ ആസ്ഥാന മുസ്ലിയാർ അഥവാ ഉസ്താദായി സ്ഥാനമുറപ്പിച്ചു.

"..ഇവന് ഇച്ചിരെ നോസ്സുണ്ടന്നെയുള്ളു.. ഹറാംപെറപ്പുകാണിക്കില്ല.."
 
പരക്കെ വിചാരമങ്ങ്  പടർന്നുപിടിച്ചു.....അതോടെ ഉഷാറായ ഹാസയുടെ പ്രതാപം ഓത്തുപള്ളിയിൽ നിന്നും ഓരോ മുസ്ലിം  വീടുകളിലുമെത്തി...തന്റെ വരവറിയിക്കാൻ കോളിംഗ് ബെല്ലിനു പകരം ഒരാറേഴ് ചുമ നിർത്തി  നിർത്തി ചുമയ്ക്കും. എന്നിട്ടും വാതിൽ തുറന്നില്ലെങ്കിൽ ബ്രേക്കില്ലാത്ത ചുമയുടെ  പ്രവാഹമഴിച്ചുവിടും .അങ്ങനെ ഓരോ വാതിലും തുറക്കുന്നിടത്തുനിന്നു തുടങ്ങും ടിയാന്റെ അറബി ശിക്ഷണം...

".. ..അല്ല ..ഹാ....ഹാ എന്നു പറയുമ്പോൾ തൊണ്ടയിൽ നിന്നും ഒരു കുളിരു പുറത്തോട്ടു വരണം.."
"... ദാല്  അല്ല.... ദാല് .. ദാല്  എന്നു പറയുമ്പോൾ മൃദുവാക്കിയ നാക്ക് മേലെ പല്ലിൽ മുട്ടണം .."

അങ്ങനെ ഓരോന്നും ആവർത്തിച്ച് പറയിപ്പിച്ചു വിരസതയുണ്ടാക്കാൻ ഹാസ മിടുക്കനാണെന്നു എടുത്തു പറയണോ ?

 ഇത്തരത്തിൽ പുരോഗമിക്കുന്ന ക്ലാസുകൾ അവസാനിക്കണമെങ്കിൽ ഓരോ ഓത്തുകാരനും ഇടക്കൊന്നു വെള്ളം കുടിക്കാൻ പോയി വരണം.അവർ തിരിച്ചെത്തിയാൽ പിന്നിൽ നിന്നും മങ്ങിയതോ പഴകിയതോ  ആയ പ്രതിധ്വനി കേൾക്കാനാകും.
 
"ഇന്നിത്ര മതി മുസ്ലിയാരെ.. നിങ്ങളു പോയിട്ടു നാളെ വരീൻ ... "

പ്രതിധ്വനിയുടെ ഉടമ ചില വീടുകളിൽ ഉമ്മൂമ്മയാകും ചിലവീടുകളിൽ വാപ്പുമ്മയാകും മറ്റുചിലവീടുകളിൽ ഉപ്പൂപ്പയും......

  എന്തുകൊണ്ടോ കുട്ടികളുടെ എണ്ണവും വീടുകളുടെ എണ്ണവും നാൾക്കുനാൾ കുറഞ്ഞു കുറഞ്ഞു വന്നു.സ്ത്രീജനങ്ങളുടെ ഫിത്തിന സഭകളിൽ പ്രതിഫലിച്ച മാറ്റൊലികൾ ഇപ്രകാരം.

"ഇന്നലെ കേറി വന്നിരിക്കണ് ഒൻപതു മണിക്ക്. ഒന്നാത് എന്റെ കെട്ടിയോൻ നാട്ടിലില്ല. അസമയത്ത് എന്റെ വീട്ടീന്നു ഉസ്താദിന്റെ ചുമ കേട്ടാ ആൾക്കാരെന്തു പറയൂല ... ചോയിച്ചാ പറയും "ഏഴുമണി കുട്ടികൾ " കഴിഞ്ഞാലേ വരാനൊക്കു പോലും .."

അസമയം-ഗൾഫ്കാരന്റെ ഭാര്യ-ചുമ ,വളരെയേറെ ചിന്തിക്കേണ്ടിയിരിക്കുന്ന ഒന്നുതന്നെ. എന്നിട്ടും എന്തുകൊണ്ട് മൂപ്പരിത് ചിന്തിക്കുന്നില്ല..!!
ചുരുക്കിപ്പറഞ്ഞാൽ സ്ത്രീജനങ്ങളുടെ പവിത്രതക്കുതന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണത്രേ നമ്മുടെ നാരകപ്പറമ്പിൽ ഈസ !!!!!

അൽപ്പം  പുശ്ചത്തോടെ , "നീ എന്തോന്ന് പറയണ്.. അവനൊരു പുണ്ണാക്കും അറിയില്ലെടി.. അവന്റെ തപ്പിത്തടഞ്ഞുള്ള ഓത്തു കേട്ടതിന്റെ അന്നു നിർത്തിയതാണ്  എന്റെ പുള്ളേരുടെ പടിത്തം .."

“ഹാ എന്ന് പറയുമ്പോ തൊണ്ടേന്ന്  കുളിര്  വരണം പോലും…കുരു കൊണ്ടുപോയവൻ  എന്റെ കൊച്ചിനെക്കൊണ്ട് ‘ഹാ’ ന്നു പറയിച്ച് പറയിച്ച് ശബ്ദം വരെ പോയി. ഇതുകേട്ട്‌ ഹാലിളകിയ എന്റെ കെട്ടിയോൻ പറഞ്ഞ്,"ഉസ്താദേ എന്റെ കൊണം മാറ്റിക്കാതെ പോയീൻ നിങ്ങള്.. നമ്മളും പടിച്ച ഹാ തന്നല്ലേ ഇത്… ഒര് പുതിയ കൂത്ത് .."

അന്നുമുതലത്രേ നാരകപറമ്പിൽ ഈസക്ക്  ഹാസ എന്നു പേരു കിട്ടിയത്, ഈസയിലെ 'സ' യും കുളിരുകോരുന്ന ഹാ യും ചേർന്ന്.

"നിങ്ങൾക്കു കേക്കണോ... മെനിഞ്ഞാന്ന് വലിയതിലെ ഓട്ടോ ഓടിക്കണ ഷാജിയോടു ചോയിച്ച് പോലും

‘മാധവൻ പത്രത്തിന്റെ എഡിറ്റർ മനോരമയുടെ വീടേതാ എന്ന്’ 

 പശ്ചാത്തലത്തിൽ  പടരുന്ന പൊട്ടിച്ചിരികൾ…..

"റബ്ബേ... അങ്ങേരുവന്നാപ്പിന്ന മനുഷ്യന് ചെവിതല കേക്കണ്ട. ഇങ്ങനെ ഒരു മേനിപറച്ചിലുണ്ടാ??എസ്.എസ്.എൽ.സി ക്ക് നാനൂറ്റിനാല്പ്പത് മാർക്കുണ്ട്പോലും.സഹിക്കാൻ വയ്യാതെ ഒരു ദെവസം എന്റെ ആങ്ങള  എസ്. എസ്. എൽ .സി ബുക്ക്‌ കൊണ്ടുവരാൻ പറഞ്ഞ് .അതി പിന്നെ അങ്ങേരാ വഴിക്ക് വന്നിട്ടില്ല...പടച്ചോനു സ്തുതി..."

 “ഞാൻ പറയാണെങ്കില് മൂപ്പരുടെ കിറുക്ക് ഇത്തിരി സഹിച്ചാലും കുഴപ്പില്ല എന്നാ .എത്ര ഉസ്താക്കമ്മാരെ കൊണ്ട് വന്ന് എന്റെ പുള്ളേരെ ഓതിച്ചേക്കണ് .. ആ ഹറാംപെറന്നോമ്മാർക്ക് അപ്പോം എറച്ചീം വെച്ച് മനുഷ്യന്റെ കയ്യൊടിഞ്ഞ്.  അക്ഷരം തൊടങ്ങിക്കാൻ കോഴി ബിരിയാണി.ഫാത്തിഹ എത്തിയാ അപ്പോം എറച്ചീം. ജുസു എത്തിയാ നെയ്ച്ചോറും കപ്പ പഴോം...ഒരു മാസമങ്ങോട്ട്‌ തീരണ്ട ഫീസിനു വേണ്ടി മരിക്കാൻ കിടക്കും.ഹാസയാണെങ്കില് ഒരു ചായ കൊടുത്താ പോലും കുടിക്കൂല്ല..ഫീസിനു വേണ്ടിയുള്ള ഹവാ നഫ്സും ഇല്ല.അതോർത്തിട്ടാണ് 'ചുമയും’ 'ഹാ' യുമൊക്കെ ഞങ്ങളങ്ങ് സഹിക്കണത് .

 ത്തിലെ ഹായിലും ദാലിലും ജീമിലുമൊക്കെ മൂപ്പരു  കാണിക്കുന്ന കർക്കശ മനോഭാവം അയാളുടെ ജീവിതത്തിലും പ്രതിഫലിച്ചിരുന്നു. അല്ലെങ്കിലൊരുപക്ഷെ തിരിച്ചാവും സംഭവിച്ചത്.ജീവിതത്തിലുള്ള ചില മർക്കട ബുദ്ധി ഹായിലും ദാലിലും ജീമിലും പ്രതിഫലിച്ചതാവാം. അതുകൊണ്ടു തന്നെ പലരുമയാളെ അകറ്റി നിർത്തി .പക്ഷെ അകറ്റുകാരുടെ പല-ചില ആവശ്യങ്ങൾക്കും  കൈ സഹായത്തിന് ഹാസ തന്നെ വേണമത്രേ..!

 മോദീൻ , അതായത്  ബാങ്ക് വിളിക്കുന്ന കക്ഷി…. മൂപ്പരുടെ ചെറിയ മകൻ അപസ്മാരം വന്നു ആശുപത്രി കിടക്കയിലായ സമയംബാങ്ക് താൻ വിളിച്ചോളാമെന്നു പറഞ്ഞ് ഹാസ പുള്ളിയെ  രാത്രി ആശുപത്രിയിൽ പറഞ്ഞയച്ചു. ഉറക്കമില്ലാതെ ഓതി ഓതി കിടക്കന്ന ഹാസ എപ്പോഴോ മയങ്ങിപ്പോയി. എണീറ്റ് നോക്കുമ്പോൾ മണി അഞ്ച് ... ബാങ്ക് കൊടുത്തിട്ടില്ല.. ചാടി എണീറ്റു വിളിച്ചു..
അള്ളാഹു അക്ബർ അള്ളാഹു അക്ബർ..”
ശേഷം പരമ്പിലേക്കു കേറി ഇരുന്ന്  ക്രൂരമായി ചിരിക്കാറുള്ള സൂചികളെ ഒന്നൂടി നോക്കുമ്പോൾ 2.30.
ഉടനെ…..അള്ളോ ഞാനിപ്പോ വിളിച്ച ബാങ്ക് ബാങ്കല്ലേ ഇനി വിളിക്കാൻ പോകുന്നതാണേ ബാങ്ക്.”എന്നുറക്കെ  ഉച്ചഭാഷിണിയിൽ  വിളിച്ചു പറഞ്ഞു .അതൊരു വലിയ കോളിളക്കമുണ്ടാക്കി എന്നുതന്നെ പറയണം .

 നിസ്ക്കരിക്കാനല്ലാതെ പള്ളിയിൽ പ്രവേശിക്കാനുള്ള ഹാസയുടെ അവകാശത്തെ സംഭവമെടുത്തു കളയിച്ചു .പക്ഷെ ഓരോ മയ്യത്തു മഞ്ചലുകളും മലയിറങ്ങി അവിടേക്കു വന്നു കേറുമ്പോൾ അവരോരോരുത്തരുടെയും വീടുകളിൽ വിലാപ വേദനയിൽ തളർന്നു വീണവരുടെ അരികിലെത്തി വെള്ളവും ചായയും കൊടുക്കാനും, പഴവും ബ്രഡും കൊടുക്കാനും ദിവസങ്ങളോളം തേയില കാച്ചിയും ചൂടുവെള്ളം തിളപ്പിച്ചും അവരിലൊക്കെ നനവു പകരാനും  ഒരു പള്ളിക്കമ്മറ്റിയും ചുമതലപ്പെടുത്തിയതല്ല.മരണവീടുകളിൽ ചന്ദനത്തിരി എരിയുമെങ്കിൽ……പൊങ്ങിയും താഴ്ന്നും അലമുറകൾ കേൾക്കുമെങ്കിൽ….. അതിനിടയിലൂടെ സലാത്തുകളും  ദിക്കിറുകളും മുഴങ്ങുമെങ്കിൽ….. അവർക്കിടയിൽ ഓടി നടക്കാൻ ഹാസയുമുണ്ടാകും....എന്നാൽ മയ്യത്തുകളോരോന്നും പള്ളിക്കാട്ടിലെത്തി മൂന്നു തികയുമ്പോൾ ഹാസ തന്റെ  ഓത്തുകാരന്റെ അടുത്തെത്തിയിട്ടുണ്ടാകും  ഹാ..യും ...ദാലും ..ജീമും ..ഷദ്ദും...കിസറുമൊക്കെയായിട്ട്.....

സത്യമംഗലത്ത് മാത്രമുള്ള ഒരാളാണോ ഈ നാരകപ്പറമ്പിൽ ഈസ.?
അല്ല എന്നു തന്നെ പറയണം.ഓരോ നാട്ടിലുമുണ്ടാകും ഇതുപോലെ ‘ഹാസകൾ’.എല്ലാവരാലും കളിയാക്കപ്പെട്ട്….ഒരു നികൃഷ്ട്ട ജീവിയായി… മറ്റുള്ളവർക്കുവേണ്ടി എന്തൊക്കെയോ ചെയ്ത്….ആരിൽ നിന്നും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ…. അബദ്ധങ്ങളിൽപ്പെട്ട്….ജീവിതത്തിന്റെ കുത്തൊഴുക്കിൽ മുന്നോട്ട് പോകുന്നവർ….അവർക്കാർക്കും തന്നെ കുടുംബമുണ്ടാവില്ല....കുട്ടികളുണ്ടാവില്ല…. ബന്ധുക്കളുണ്ടാവില്ല…. മിത്രങ്ങളുണ്ടാവില്ല... മറ്റൊന്നുമുണ്ടാകില്ല..തികച്ചും നിസ്വാർഥമായി ആർക്കൊക്കെയൊവേണ്ടി എന്തൊക്കെയോ ചെയ്തു ജീവിച്ചു മരിക്കുന്നവർ.....


സത്യത്തിൽ ആരാണിവരൊക്കെ ??????

 


 

4 comments:

  1. Put down everything that comes into your head and then you are a writer, but an author is one who can judge his own stuff's worth, without pity and guilty. Your observations made you to become an Author :)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. 230 nte bank vili ushar aayittund. :)

    ReplyDelete
  4. 230 nte bank vili ushar aayittund. :)

    ReplyDelete