Monday 4 January 2016

ഇഞ്ചി നീര്


"മര്യാദക്ക് ക്ലാസ്സിൽ  കേറി  സീരീസ്എഴുതു..അല്ലെങ്ങിൽ  C.S കാർക്കൊരു  റീ ടെസ്റ്റ്  ഉണ്ടായിരിക്കുന്നതല്ലഎഴുതാത്ത  പരീക്ഷയ്ക്ക്  പൂജ്യമിട്ട്  സെഷണൽസ്  പബ്ലീഷു  ചെയ്യും ."കംപ്യുട്ടർ സയൻസ്  ഡിപ്പാർറ്റുമെന്റിനു  മുന്നിൽ ഒരു സിംഹിനി ഗർജിച്ചതിങ്ങനെ .അവളുടെ പേരത്രേ മൃദുല...എന്തൊരു വിരോധാഭാസം  ?

സമയം -9.30 A .M .
സ്ഥലം -അതി വിശാലമായ ക്യാമ്പസോ കൊമ്പുള്ള കൂറ്റൻ  ബസ്സുകളോ ഇല്ലാത്ത ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് .മൂന്നാം സെമസ്സ്ടറിലെ  ആദ്യ സീരീസ്ടെസ്റ്റ്ഇന്ന് തുടങ്ങുകയാണ്.അതു  കലക്കാനുള്ള മെസ്സേജ് ഇന്നലെ രാത്രി കിട്ടിയ പാടേ മോഡ്യൂൾ ബുക്കടച്ച്  ജിമെയിലിലും  ഓർക്കൂട്ടിലും സ്ട്രയ്ക്കിൻറ്റെ ഉന്നതല യോഗങ്ങളിൽ  പങ്കെടുത്ത  S3  C.S  കാരുടെ മുന്നിലാണ് മൃദുല വളരെ മൃദുലമായി ആക്രോശിച്ചത് .ഇതു കേട്ട  ചില  പഠിപ്പിസ്റ്റുകൾ ഒന്നു  പിന്നിലേക്കാഞ്ഞെങ്ങിലും  തല  മൂത്ത SFI  ചുള്ളന്മാർ അവരെ  മുദ്ര്യാവാക്യം  മാറ്റി വിളിക്കാൻ പിന്നിലേക്കു  വിളിച്ചു .

"കോഴിക്കൂട്  ക്ലാസ്സുകളിൽ  പഠിക്കാൻ  ഞങ്ങൾക്ക്  മനസ്സില്ല ..ഇല്ല  ഞങ്ങളെഴുതില്ല  ..സീരീസ്  ടെസ്റ്റുകളെഴുതില്ല ,..ഫാനില്ല ...ലൈറ്റില്ല ..എയർ  ഹോളും  ഇല്ലല്ലോ ..തിരിച്ചു  തരൂ  തിരിച്ചു തരൂ  ഫെസിലിറ്റി  ഫീസ്  തിരിച്ചു തരൂ ..ഇല്ല  ഞങ്ങൾ  നിർത്തില്ല  ...സമരം ഞങ്ങൾ നിർത്തില്ല ..സമരം  ചെയ്യും  സമരം  ചെയ്യും  മരണം വരേയും സമരം  ചെയ്യും   "

അതായത്  എഞ്ചിനീയറിംഗ്  കോളേജൊരു  വ്യവസായമായി   കാലത്ത്  ചില മുതലാളിമാർ  തങ്ങളുടെ ഏക്കറ്  കണക്കിനുള്ള  വാനില  തോട്ടങ്ങളും റബ്ബറുമൊക്കെ വിറ്റ് ,ഒരു തുക്കട  ട്രസ്റ്റുണ്ടാക്കി  ,അതിലൊരു കൃഷിയിറക്കി.കൽപ്പറ്റയിലും  കുട്ടനാട്ടിലും  കർഷകർ  ആത്മഹത്യ  ചെയ്തപ്പോൾ    കർഷകരാകട്ടെ ഡോണേഷൻ   തൂക്കി  മേടിച്ച്  ഫ്രഷേസിൻറ്റെ  ഒരു  മഴവെള്ളപ്പാച്ചിലുണ്ടാക്കി .

എന്നിട്ടോ?

കോളേജിൻറ്റെ  പിന്നിലുള്ള  വർക്ക്ഷോപ്പിലേക്കു  പോകുന്ന  വഴിയിൽ ,ഒരു വശത്തായി  നീളത്തിലും  വീതിയിലും  കോഴിക്കൂടുകൾ പോലൊന്നു  തട്ടിക്കൂട്ടി .സീനീയേഴ്സ്  ആരും തന്നെ  അവരെ  പെറ്റിട്ട  ക്ലാസിൽ  നിന്നുമിറങ്ങാത്തത് കൊണ്ട് അബലരായി  തോന്നിയ 
S3  കാരെ പിടിച്ച് കൂട്ടിലടച്ചു.അവരുടെ  പ്രതീക്ഷകൾക്കു  വിരുദ്ധമായി  കോഴികളാഞ്ഞു കൊത്തി.അങ്ങനെയാണ്  സമരവും മുദ്രാവാക്യങ്ങളുമിവിടെ  പ്രസക്തമാകുന്നത്.പക്ഷേ  സമരം തുടങ്ങി  മൂന്നാം നാൾ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറാവാതെ കർഷകർ S3 മക്കളെ  ഒരു മാസത്തേയ്ക്കങ്ങു  സസ്പെണ്ട്  ചെയ്തു കളഞ്ഞു .അപ്പോഴേക്കും  മിനി ഡ്രാഫ്ട്ടറും  പിടിച്ച്  S1 -S2 ക്കാർ  ക്യാമ്പസ്സിലെത്തിയിരുന്നു .എഞ്ചിനീയറിംഗ്  കോളേജിൽ  പോകുന്ന  കുട്ടികളുടെ  കയ്യിൽ  T  ഷേപ്പിലുള്ളതോ  ഒരു കുഞ്ഞ്  കോടാലിയുടെ  ഷേപ്പിലോ  ഉള്ള  മിനി  ഡ്രാഫ്ട്ടറോ T  സ്കയിലോ  കണ്ടിട്ടില്ലേ?ആദ്യകാല  കൗതുകങ്ങളിൽ  ഒന്നാമനാണവൻ.അതും പിടിച്ച്  നടക്കുന്ന  ഓരോ S1 -S2  ക്കാരനും താനൊരു എക്സിക്യൂട്ടീവ് എഞ്ചിനീയർ ആണെന്നു സ്വയമങ്ങു തോന്നും.അത് മാറണമെങ്കിൽ കുറഞ്ഞത് എഞ്ചിനീയറിംഗ് ഗ്രാഫിക്സിൻറ്റെ ആറാമത്തെ ക്ലാസ് എങ്കിലും  കഴിയണം. അതോടെ മിനി  ഡ്രാഫ്ട്ടർ ഒരു തനി കോടാലിയാകും.പിന്നെയാ  കോടാലി ചുമന്ന്  വീട്ടിലേയ്ക്കു  വരില്ല .ഗ്രാഫിക്സ് ഹാളിൻറ്റെ ഒരു മൂലയ്ക്കു  ചാരി വെയ്ക്കും.പണി അറിയുന്നവർ ചരിഞ്ഞ ബോർഡിൽ കിടന്നും ചാഞ്ഞും നിവർന്നും പ്രിസങ്ങളും പിരമിഡുകളും പ്രോജെക്ഷനുകളുമൊക്കെ വരച്ചു തള്ളി .

ഒരു ഫസ്റ്റ് ഇയർ എഞ്ചിനീയറിംഗ് ഗ്രാഫിക്സ് ക്ലാസ്സ്‌.
തലക്കെട്ട് -എക്ലിപ്സ്.
വലിയ  ക്ലാസിൽ  4 വരികളിൽ  ഒരു വശത്ത്  പെണ്കുട്ടികളും    മറുവശത്ത് ആണ്കുട്ടികളുമിരുന്നു.അങ്ങനെ മൊത്തം  72 പേർ.വരികൾക്കിടയിൽ രണ്ടു പേർക്ക്  നടക്കാനുള്ള  അകലവുമുണ്ട്.അതിലൂടെ  വരക്കേണ്ട  സ്റ്റെപ്സ് വായിച്ച്  ഓരോരുത്തരുടെയും  അരികിലെത്തി  വരകൾക്കൊരു മേൽനോട്ടം  കൊടുത്ത്  KK സാർ പിന്നിലെത്തിയപ്പോൾ ഒരുത്തൻ കോമ്പസുകൊണ്ട്ഡെസ്ക്കിൽ ചിത്രപ്പണിയിലാണ് .

"ഇതെന്താടോ  താനീ  ചെയ്യുന്നേ? തന്റെ ഗ്രാഫിക്സ് നോട്ടെവിടെ ?"

"സാറേ എനിക്ക് ഗ്രാഫിക്സ് നോട്ടില്ല "

"അതെന്താ തനിക്ക്  നോട്ടില്ലാതെ ..?"

"ഞാൻ പാവപ്പെട്ട വീടിലെ കുട്ടിയാണ്  സാറേ ...ഡെസ്കിൽ  വരച്ചു പഠിച്ചാ പിന്നെ  ബുക്ക്വേണ്ടല്ലോ...എന്നും കണ്ടു കണ്ടു  തറവായിക്കോളുമെന്നു വിചാരിച്ചു സാറേ…. "

"ഇറങ്ങടോ ....ഇറങ്ങടോ  ക്ലാസ്സീന്ന് ..താനിനി ബുക്ക്മേടിച്ചിട്ട് കേറിയാ  മതി ...ഇറങ്ങടോ....ഇറങ്ങിപ്പോടോ..... "അതായിരുന്നു  അവൻറ്റെ ആവശ്യവും.അപ്പോൾ മണ്ടനായതാര് ???

ഇത്തരതിലുണ്ടാക്കിയെടുക്കുന്ന രോമാഞ്ചവും  കോൾമയിർക്കൊള്ളിക്കലും സംജാതമാക്കുന്ന ഉൽപുളഗത്തിൻറ്റെ പാർശ്വഫലം തിരിച്ചറിയുന്നത്‌
S1-S2 റിസൾട്ട്‌ വരുമ്പോഴാണ്."തോൽവികൾ വിജയത്തിൻറ്റെ മുന്നോടിയാണ് " എന്നുൾക്കൊണ്ട്‌ പിന്നെയുമാ ഉൽപുളഗത്തിനെ മെല്ലെ  മെല്ലെ താലോലിക്കും.താലോലിച്ചു താലോലോച്ച് S4 റിസൾടിൻറ്റെ വക്കു വരെയെത്തിക്കും.അതിൻറ്റെ ആഗമനത്തോടെ പൂർണ ബോധ്യമാകും
"തോൽവികളേറ്റു വാങ്ങുവാൻ എന്റെ ജീവിതമിനിയും ബാക്കി "എന്ന് .

നിഷ്പ്രയാസത്തിൽ  ഒരു എഞ്ചിനീയർ  ആകാൻ  കഴിയുമോ?ഇല്ല എന്നതാണ്  പരമാർത്ഥം .ഇഞ്ചി  തല്ലിപ്പിഴിഞ്ഞ്  ഇഞ്ചി നീർ എടുക്കുന്നതു  പോലെ 
ബുദ്ധിയെ  അലസതയിൽ  നിന്നും വിരസതയിൽ നിന്നും  തല്ലി  പിഴിഞ്ഞെടുത്താലേ  എഞ്ചിനീയർ അകൂ .നീരു  വാർന്നുണങ്ങി  ഇഞ്ചി  ചുക്കായി  മാറും .ചുക്കും  ഏറെ  ഗുണമുള്ളത് തന്നെ .എന്നാൽ ബുദ്ധി  ഉണങ്ങിയാലോ ?????

ബുദ്ധി  ഉണങ്ങുന്നതുകൊണ്ടോയെന്നറിയില്ല   കോൾമയിർക്കൊള്ളിക്കലുകളും ഉൽപുളഗങ്ങളും കൂടികൊണ്ടേയിരുന്നു….അങ്ങനേയിരിക്കുമ്പോൾ ചില
പത്ര-മാധ്യമങ്ങൾ സസ്പെൻഷനിലായ S3 സമരത്തെ ഏറ്റെടുത്ത് കൊഴുപ്പിച്ചു.അതോടെ S3 ക്കാരുടെ ആവശ്യങ്ങൾക്കൊരു തീർപ്പുണ്ടാക്കാനെന്നോണം  അറ്റകുറ്റ പണികൾ തീരത്ത് ഫാനും ലൈറ്റുമൊക്കെയിട്ട് കോഴിക്കൂകൾ വലുതാക്കി ....സമരത്തിലകപ്പെട്ടു  പോയ  സീരീസ്  ടെസ്റ്റുകൾ  റീ -ടെസ്റ്റുകളായി  ക്ലാസ്സിൽ  തന്നെ എഴുതിച്ചു.... സമരം വിളിച്ച  അറ്റെൻറ്റൻസുകൾ  താനേ   ഷീറ്റിലും  പതിഞ്ഞു....പക്ഷേ  സെഷണൽസ്സ് പബ്ലീഷു  ചെയ്തപ്പോൾ  സമരം വിളിച്ച S3  കമ്പ്യൂട്ടർ സയൻസിലെ  നോട്ടപ്പുള്ളികൾ  കൃത്യമായി  അണ്ടർ  സെഷണലായി.എന്നുവെച്ചാൽ  മിനിമം  internals പോലും  കൊടുത്തില്ല .  സെമെസ്റ്ററിൽ  മാത്രമല്ല ,  പിന്നെയുള്ള  ഒരു സെമെസ്റ്ററിലും .കാരണമന്വേഷിച്ചു  ചെന്നാൽ  കേൾക്കാം ,
"കഴിവുണ്ടേൽ  യൂണിവേഴ്സിറ്റി എഴുതി  മേടിക്കു  "  അതായത്  150   മാർക്കിൽ  50  മാർക്കാണ്    സെഷണൽസ്സിന്. 100  മാർക്കിന്  എഴുത്ത്  പരീക്ഷയും.ജയിക്കാൻ രണ്ടിനും  കൂടി  75  വേണം.45  പേപ്പറിനും  30  സെഷണൽസ്സിനും  കൂടി . അണ്ടർ  സെഷണൽ  ആയാപ്പിന്നെ    മാർക്കു  കൂടി  എഴുതിയെടുക്കണം.45  തികയ്ക്കാൻ 4  മോഡ്യുളുകളിൽ ഉക്രിയിട്ടാലും  വേണ്ടത്  കിട്ടില്ല ... അപ്പോഴാണ്  ഇത് ....നടന്നതു  തന്നെ  !!!

കമ്പ്യൂട്ടർ  സയൻസ്  ഡിപ്പാർട്ടുമെന്റ്  എന്നുവെച്ചാൽ  ഒരു  പുണ്യാളൻ  നയിക്കുന്ന  പെണ്പോലീസ്  പടയാണ് .HOD അതായത്  പുണ്യാളൻ  വളരെ  സാധുവാണ്‌.പക്ഷേ  പുള്ളിയുടെ  പെണ്പോലീസുകൾ  ശെരിക്കും  പെണ്ണുങ്ങളാണ്.ഇടയ്ക്കിടയ്ക്ക്  തെന്നിയും  തെറിച്ചും  ഉണ്ടായാലായി  ചിരിക്കാനറിയുന്നവർ.ബാക്കി  ഉള്ളവരൊക്കെ  തലയിൽ  കുറഞ്ഞതൊരു  10  കിലോ  കേറ്റി  വെച്ച  വിനയമായിരുന്നു .  കൂട്ടത്തിൽ ഏറ്റവും കടുപ്പം S3 CS ക്ലാസ്സ്‌  റ്റ്യൂട്ടറായ ഓ...മൃദുലേ  ആയിരുന്നു.  ഓ...മൃദുലേ  അല്ല  ഒ.മൃദുല .പിന്നെ  പറയണോ  കഥ ??ഒ.മൃദുലയുടെ കമ്പ്യൂട്ടർ ലാബിലെ ശിങ്കിടികൾ പെണ്‍കുട്ടികളുടെ നീട്ടി വളർത്തി നെയിൽ പോളീഷിട്ടു
മിനുക്കിയ വിരലുകളിൽ നിന്നവരെ മുറിച്ചു മാറ്റിക്കും.അസൈൻമെൻറ് വെക്കുമ്പോൾ ഫയലിൽ ആക്കാതെ സബ്മിറ്റ് ചെയ്‌താൽ ആകെയുള്ള 7.5 മാർക്കിൽ നിന്ന് 2.5 മാർക്ക് കുറയ്ക്കും.അവരുടെ മുന്നിൽ വിനീതാകാത്ത എല്ലാവരെയും നല്ല വെടിപ്പിനു  പ്രാകും..."ടീച്ചറിനെ ഒരു വിലയില്ലാത്ത വർഗങ്ങള്...നീയൊക്കെ ഇവിടെ നിന്നിറങ്ങി ജോലിയില്ലാതെ തെണ്ടുമ്പോൾ ഓർത്തോണം ഗുരുക്കന്മാരുടെ ശാപമാണെന്ന്." ആർഷഭാരത സംസ്കാരത്തിൽ ഗുരുക്കന്മാരെ തിരിച്ചു പ്രാകാൻ പറ്റില്ലല്ലോ....ചിലർ മിണ്ടാതെ കേട്ടുനിന്നു.മറ്റു ചിലർ "O.K കണ്ടോളാം" എന്നു പറഞ്ഞ് തലയാട്ടി."ധാർഷ്ട്യം വമിക്കുന്നതിവിടെ..."എന്ന് ഡിപ്പാർട്ടുമെന്റിനു നടയിൽ എഴുതിവെയ്ക്കണമെന്ന് ചില CS വിപ്ലവകാരികൾക്ക് ഒന്നല്ല പലവട്ടം തോന്നി.എങ്കിലും internals നെ കുറിച്ചോർത്തു മാത്രം അവരൊന്നടങ്ങി.
അതുകൊണ്ടൊക്കെ തന്നെയാവണം സാധുവും തല നിറച്ചും ബുദ്ധിയുമുള്ള HOD ആയ  ആന്റണി സാറ് CS കാർക്ക് ഒരു പുണ്യാളനായത്-നല്ല അന്തോണീസ് പുണ്യാളൻ.

ഒരു ഹൈ ലെവൽ പുണ്യാളൻ ക്ലാസ്സ്‌.........
ശബ്ദത്തിൻറെ അലകൾ അസദൃശ്യമായ ആവൃത്തികളിൽ പൊങ്ങിയും താഴ്ന്നും അനുസരണം അല്ലെങ്കിൽ resounance ലെത്തിച്ചേരുന്നു.
 
“decibal is slightly increasing”,പുണ്യാളൻ  മന്ദ്രിച്ചു.

“Decibal ലോ?? ”, കേട്ടവർ  പരസ്പരം  നോക്കി.

ഒരു  പെണ്‍പഠിപ്പിസ്റ്റ് പറഞ്ഞു ,"ശബ്ദത്തിന്റെ അളവുകോലല്ലേ decibal..സാർ അതാരിക്കും ഉദ്ധേശിച്ചത്ത്" 
 
''ഇങ്ങേര് വലിയ സംഭവം തന്നല്ലേ.....!!! "ഈ വികാരമൊരുപോലെ ഒഴുകി നടന്നെങ്കിലും ആരും ശ്രദ്ധിച്ചതുമില്ല...ശ്രദ്ധിച്ചവർക്കൊട്ട് മനസിലായതുമില്ല....
ആ വിധം പുരോഗമിക്കുമ്പോൾ ശ്രീഹരിയെയും പ്രേമിനെയും അമലിനെയും resonance ഉണ്ടാക്കിയതിന് പൊക്കി....അതൊരു  artificial intelligence ക്ലാസ്സായിരുന്നു.
റോബോട്ടുകൾ പ്രോഗ്രാമനുസരിച്ച് പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള case analysis ചെയ്യേണ്ടതെങ്ങനെയെന്ന് വിവരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണവർ resounace  ഉണ്ടാക്കിയത്.ശബ്ദത്തിന്റെ ആന്തോളനത്തിൽ നിന്നും നിശബ്ദ്തയുടെ താഴ്വരയിലേക്കു മറിഞ്ഞ ആ അനുനിമിഷത്തിൽ ശ്രീഹരിയുടെ മുന്നിൽ ഒരു ചോദ്യമഴിഞ്ഞ് വീണു.

"what will be the immediate action which needs to be done when your mother asked you to buy 1 kg of sugar?"

ഒന്നന്താളിച്ച ശ്രീഹരി  ആത്മവിശ്വാസത്തോടെ,"ചോദ്യം കുറച്ച് ലളിതമായ ഭാഷയിൽ ചോദിക്കാമോ സാറേ??" എന്നു ചോദിച്ചതും ചിരിയലകൾ മറ്റൊരു resonance ഉണ്ടാക്കി.പരിണിതഫലം അവരെ സീറ്റ് മാറ്റി ഓരോ പഠിപ്പിസ്റ്റുകളുടെ കൂടേയുമിരുത്തി,അന്നു മാത്രമല്ല ആ സെമെസ്റ്റെർ മുഴുവനും അവരുടെ കൂടെയിരിക്കണമെന്ന ശാസനത്തിൽ.നോട്ട്:- S3 CS ലെ പഠിപ്പിസ്റ്റുകൾ പെണ്‍കുട്ടികളേക്കാൾ കൂടുതൽ ആണ്‍കുട്ടികളാണ്.അതുകൊണ്ടു തന്നെ എടുത്താൽ പൊങ്ങാത്ത ഇംഗ്ലീഷ് കാർട്ടൂണ്‍ന്റെയും
സിനിമയുടേയും technological aspect കൾ കേട്ടും ദൃഷ്ടിഗോചരമാകുന്ന പ്രയുക്ത ശാസ്ത്രത്തിൻറെ സാധ്യതകൾ കേട്ടും വടി വിഴുങ്ങിപ്പോയ സെമെസ്റ്റെറായിരുന്നു ശ്രീഹരിക്കും പ്രേമിനും അമലിനുമത്....അതുകൊണ്ടെന്താ...നോട്ടപ്പുള്ളികളുടെ ലിസ്റ്റിൽ ചേർക്കാൻ പെണ്‍പോലീസുകൾക്ക് പുതിയ മൂന്ന് പേരുകൾ കൂടി കിട്ടി.

അങ്ങനെ നോട്ടപ്പുള്ളികളുടെ ലിസ്റ്റ് വലുതാകുന്നതിനനുസരിച്ച് ലാസ്റ്റ് ബെഞ്ചിനു വേണ്ടിയുള്ള തല്ലും മൂത്തു.ഒടുവിൽ എല്ലാവരും ചേർന്ന് ഒരു തീരുമാനത്തിലെത്തി-rotation.ഓരോ ദിവസവുമോരോ ബെഞ്ച്‌.ആദ്യത്തെ രണ്ട് ബെഞ്ചുകളിൽ ഇരിക്കുന്ന ദിവസത്തെ കാര്യം വർണ്ണനാതീതമാണ്.പഠിപ്പിക്കാൻ കണ്ണു കൊടുക്കുന്നവരാണല്ലോ
ഈ 1 2 3 ബെഞ്ചുകാർ.സാറന്മാർ വന്നു കേറുമ്പോൾ അറിയാതെ കണ്ണുടക്കിയാൽ കഴിഞ്ഞു കഥ...ആ മണിക്കൂർ ഇമവെട്ടാൻ പോലുമനുവധിക്കില്ല..നമ്മളെ നോക്കിയൊരുപഠിപ്പീരാണ്.ചോദ്യങ്ങൾ ചോദിക്കുന്നു...ഉത്തരങ്ങൾ പറയുന്നു....ബോർഡിൽ എഴുതുന്നു....മായ്ക്കുന്നു....മായ്ക്കുന്നു....എഴുതുന്നു....അവിടന്നൊരു തലയാട്ടൽ മഹാമഹം ആരംഭിക്കും.ഒരേ രീതിയിൽ ആട്ടി മടുക്കുമ്പോൾ ലംമ്പത്തിലും സമാന്തരത്തിലും ആട്ടും....ക്ലാസ്സിൽ ശ്രദ്ധിക്കാത്തവരെ തേടി മാത്രം വരുന്നവരാണല്ലോ ചോദ്യങ്ങൾ...തലയാട്ടുന്നവർ
ശ്രദ്ധിക്കുന്നവരും!!!അതുകൊണ്ടു തന്നെ തലയാട്ടൽ ദിവസങ്ങളിൽ ചോദ്യങ്ങളുണ്ടാവാറില്ല..ഉത്തരങ്ങൾ മാത്രം..അസ്ഥാനത്തുള്ള  അത്തരം ചോദ്യങ്ങൾപലരേയും വിളിച്ചുണർത്തുമ്പോൾ അപ്പുറത്തെ ബെഞ്ചിലിരുന്ന് ചിലരെഴുതുന്ന ലെക്ചർ നോട്ട് കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങും..അവരിൽ പലരിലും ഒരെഴുത്തുകാരൻ ഒളിഞ്ഞു കിടക്കുന്നുണ്ടോയെന്നു പോലും
തോന്നി.അമ്മാതിരി ഒരെഴുത്താണ്.സത്യത്തിൽ തലയാട്ടലിന്റെ മറ്റൊരു രൂപമല്ലേ ഈ എഴുത്ത്??ബോർഡിൽ കണ്ടതും കേട്ടതും വേഗത്തിൽ പകർത്തിയെടുക്കുന്നു.പക്ഷേ അതവരുടെ ബുദ്ധിയിൽ തട്ടുന്നുണ്ടോ മുട്ടുന്നുണ്ടോ എന്നറിയാൻ  യൂണിവേഴ്സിറ്റി എക്സാം മാത്രം വന്നാൽ പോര മാർക്ക് ലിസ്റ്റുകളും വരണമത്രേ....

ആഹാ..... പറഞ്ഞു കഴിഞ്ഞില്ല അപ്പോഴേക്കും വന്നല്ലോ യൂണിവേഴ്സിറ്റി എക്സാം .നൂറായുസ്സാണ്... ഒരിക്കിലും ചാകില്ല.. ശല്യം ...ഒരു ശല്യം കഴിഞ്ഞിറങ്ങിയ നോട്ടപ്പുള്ളി മറ്റൊരു നോട്ടപ്പുള്ളിയുടെ കയ്യിലടിച്ചു പറഞ്ഞു

 തേഞ്ഞളിയാ….”

അന്നേരം പഠിപ്പിസ്റ്റുകൾ പല ഭാവങ്ങൾ കൊണ്ടും പല പ്രക്രിയകൾകൊണ്ടും പലതും പറഞ്ഞു .എന്താണവർ പറയുന്നതെന്നു പോലും ശ്രദ്ധിച്ചില്ല .കാരണം എന്തു പറഞ്ഞാലും ഇല്ലെങ്കിലും റിസൾട്ട്വരുമ്പോൾ അവരു ജയിക്കുമെന്നുള്ളത് അനാവൃതമായ സത്യമാണ്‌. അതു നമ്മൾ അംഗീകരിച്ചേ മതിയാകു .അങ്ങനെ ഓരോ യൂണിവേഴ്സിറ്റി എക്സാമും കഴിഞ്ഞ് സെം ബ്രേക്കു൦ കഴിഞ്ഞ് പുതിയ സെമ്മിലെക്ക് കേറും …..സബ്ജെറ്റുകൾ മാറും .... ചിലപ്പോഴൊക്കെ ക്ലാസ് മുറികൾ മാറും ...ചിന്തകൾ മാറും... ഡിപാർട്ട്മെൻറ് സ്റ്റാഫുകളും  മാറും.. പക്ഷെ  അവരുടെ ധാർഷ്ട്യം മാത്രം മാറിയതേയില്ല..മാറ്റമില്ലായ്മയുടെ തൊപ്പികളണിഞ്ഞ പോലീസ് ഏമാനത്തികളുടെ ദർശനത്തിനായി ലാബ് റെക്കോർഡുകളും അസൈൻമെന്റുകളുംകൊണ്ട് CS കാർ
ഡിപാര്ട്ട്മെന്റ്റിൻറ്റെ നടയിൽ വരിവരിയായി കാത്തു നിന്നു.അയുക്തികമായി പല റെക്കോർഡുകളും അസൈൻമെന്റുകളും മുന്നിലേക്കു പറന്ന് വീണു. തിമിർക്കലുകൾക്കിടയിലൂടി  കോളേജ് ഭരണസമിതിയുടെ ചില പിന്നാമ്പുറ കഥകൾ പരസ്യമായ രഹസ്യങ്ങളായി  ഇടനാഴികളിൽ അലഞ്ഞു തിരിഞ്ഞു ..പ്രിൻസിയുടെ സിംഹാസനത്തിനടുത്തുള്ള ഓഫീസ് സ്റ്റാഫുകളിൽ പലരും മുതലാളി കർഷകരുടെ കയ്യാളൻമ്മാരാണെന്നും പഠിക്കാൻ തൂക്കി കൊടുക്കുന്നതുപോലെ തൂക്കി കൊടുത്താണ് അൽപധാരികളായ പലരും പോലീസായതെന്നും AICTE, ബി ടെക് പഠിപ്പിക്കാനുള്ള മിനിമം യോഗ്യത എം ടെക് ആക്കുന്നതോടെ പല പോലീസ് കോണ്‍സ്റ്റബിൾസിനും സ്വസ്ഥമായി വീട്ടിലിരുന്ന് കള്ളനും പോലീസും  കളിക്കാനാകുമെന്നും. നിരാശകളും ഇച്ചാഭംഗങ്ങളുമാകാം  ഒരു പക്ഷെ ചിലരെയെങ്കിലും തനി പോലീസാക്കുന്നത്.

പഠിക്കാത്തവരെ പുശ്ചിക്കുന്നതിൽ ഒരു ന്യായം കണ്ടെത്താം.അലവലാതികൾ....വായിനോക്കികൾ...മണ്ടൻമാർ.. എന്നാൽ പെണ്‍പഠിപ്പിസ്റ്റുകളേയും ആണ്പഠിപ്പിസ്റ്റുകളേയും പോലുമവർ
വെറുതെ വിട്ടില്ല . ഓരോ റിസൾട്ടു വരുമ്പോഴും ക്ലാസ്സ്ടോപ്പറിനോടു ചോദിക്കും  "ഇതൊക്കെ എന്ത് പേർസൻറ്റേജാടോ.. ഇതൊന്നും  കിട്ടിയിട്ടൊരു  കാര്യവുമില്ല ....ഇതിന്റെയപ്പുറം  വാങ്ങിയ നിങ്ങടെ  സീനിയേഴ്സിന്റെയൊക്കെ  ഗതിയറിയില്ലേ....പിന്നെയാ...." അൽപധാരികൾ  പഠിപ്പിക്കുന്ന വേളയിൽ ആരെങ്കിലുമവരോട് ഉത്തരമറിയാത്ത ചോദ്യം ചോദിച്ചാൽ

 "ഓരോ മണ്ടൻ  ചോദ്യങ്ങളുമായി  ഇറങ്ങിക്കോളും....മിണ്ടാതെ   ഇരിക്കടോ...പറയുന്നത്  കേട്ടു മനസ്സിലാക്കൂ... ഇടയിൽ  കേറി  ചോദിക്കാതേ ...." അടിച്ചമർത്തപ്പെടും.....എഴുപത്തിരണ്ടോ  എഴുപത്തിമൂന്നോ പേരുള്ള  ക്ലാസ്സിൽ അപഹാസ്യരാകും ...സത്യത്തിൽ  ഇവരൊക്കെ ഓർക്കേണ്ട ഒന്നുണ്ട്‌...രണ്ടോ  മൂന്നോ  വർഷത്തിനുള്ളിൽ അവരുടെയതേ
ഡിഗ്രീയിലെത്തുന്നവരുടെ മുന്നിൽ നിന്നിതൊക്കെ പറയുന്നത് നിർഗളിക്കുന്ന വിക്കിപീഡിയകളോ  സർവ്വവിക്ഞാനകോശങ്ങളോ അല്ല....ഇരിക്കുന്നത്  IIT  ക്ലാസ്സു മുറികളിലുമല്ല.. അതുകൊണ്ടൊക്കെ തന്നെയാവണം S7 നിലെ  സെമിനാറിന് വിളമ്പിയ  ചായയിലും  സ്നാക്ക്സിലും  ഏതോ  സൂപ്പർ സീനിയർ നോട്ടപ്പുള്ളികൾ വിം ഇട്ടു  കൊടുത്തത്.

50  മാർക്കിനുള്ള S7  നിലെ  കലാപരിപാടിയാണ്   സെമിനാർ.ഒരു  ദിവസം കുറഞ്ഞത് 4  സെമിനാർ  എങ്കിലും നടക്കും .ഇന്ത്യൻ പീനൽ കോഡു  പോലെ പോലീസ്  ഏമാനത്തികൾ പിൻപറ്റുന്ന  പേരറിയാത്ത ഏതോ ഒരു കോഡ് പ്രകാരം സെമിനാറിന്  ചായയോ  ജ്യൂസോ  കൂടെ  സ്നാക്ക്സും  വിളമ്പണം.  ചായയും കുടിച്ച് ജ്യൂസും  കുടിച്ച്  സ്നാക്ക്സും  കഴിച്ച്  ആളെ  വടിയാക്കുന്ന  ചോദ്യങ്ങളും ചോദിച്ച് പഠിപ്പിസ്റ്റുകളെയുൾപ്പടെ  വെള്ളം  കുടിപ്പിച്ചു കൊല്ലും.അതിനു കൊടുത്ത മധുരമായ  പ്രതികാരമത്രേ തൂറ്റൽ  കഥ.!

അങ്ങനെ  ഒരു  വൃത്തത്തിന്റെ  വക്കിലൂടെ ഒരാൾ  മറ്റേയാളെ പിന്തുടരുന്നതു പോലെ അസ്സൈന്മെന്റ് ,സീരീസ് ,യൂനിവേഴ്സിട്ടി പരീക്ഷകൾ  ക്രമമായ ഇടവേളകളിൽ പിന്തുടർന്നു പോന്നു.  വഴിയിൽ കൂടെ  നടക്കാൻ ചിലർക്കു  പ്രണയമെത്തി ...മറ്റു  ചിലർക്ക് സപ്ലികളുമെത്തി....ഒരാവർത്തി  കറങ്ങിയവർ  തിരിച്ചെത്തുമ്പോൾ ചിലരുടെയെങ്കിലും സപ്ലികളും മറ്റുചിലരുടെ
പ്രണയവും  അടർന്നു  വീണു.അങ്ങനെ വീണും വിടന്നും പൊലിഞ്ഞും പൂത്തുലഞ്ഞും നാലു വട്ടം    നാലമ്പലം ചുറ്റി പഴയ S3  CS  കാർ  തിരിച്ചെത്തിയ ഒരു മാർച്ചു  മാസത്തിൽ  പെസഹ  വ്യാഴവും  ദുഃഖ വെള്ളിയും ഈസ്റ്റെറിനോടും ചേർന്ന് അപ്രതീക്ഷിതമായി ഒഴിവുകൾ വന്നടുത്തു.ആകെ  ബാക്കിയുള്ള വർക്കിംഗ്  ഡേ  തന്നെ  farewell നടത്താൻ ഫൈനലിയേഴ്സ് തീരുമാനിച്ചു.....പെണ്കുട്ടികൾ തിരക്കിട്ട് സാരികൾ വാങ്ങി....നാലിരട്ടി പൈസ കൊടുത്ത് ബ്ലൌസുകളും തയ്പ്പിച്ചു...ആണ്കുട്ടികൾ മുണ്ടും കുർത്തയുമിട്ട് ക്ലാസ്സിലുമെത്തി, കൂടെ ബിരിയാണി  പൊതികളും ഐസ് ക്രീം  സ്കൂപ്പുകളും... 

ഡിപ്പാർട്ട്മെൻറ്  CS  ആണെങ്ങിൽ....അവിടുത്തെ ടീച്ചേഴ്സ്  തനി  പോലീസ് മൂരാച്ചികളാണെങ്കിൽ....ഒരു  മീൻ കുഞ്ഞു പോലും ക്ലാസ്സിൽ  വരാൻ തയാറായില്ല.72  പേരും  മാറി മാറി പോയി  വിളിച്ചു...വന്നില്ല...ആണ്കുട്ടികളവരുടെ കാലു പിടിച്ചു....

"അവസാന ദിവസമല്ലേ  ടീച്ചർ...ഞങ്ങൾക്ക്  ഓർത്തിരിക്കാനെങ്കിലും  ഒരു  ദിവസം  താ ടീച്ചർ...ഇനി  നമ്മളൊരിക്കലും  കാണില്ലല്ലോ.. "

ഇതു കേട്ടയുടനെ,"കാണാതെ  എവിടെ  പോകാനാടോ...സപ്ലി എഴുതാൻ  നേരിട്ട്  യൂണിവേഴ്സിറ്റിയിൽ  പോകുമോ .....ഇവിടെ  തന്നെ  വരണ്ടേ??? "

അവൻ മറുപടി പറഞ്ഞു,"സപ്ലി ഇല്ലാത്തവരുണ്ടല്ലോ  ടീച്ചർ..അവരെയെങ്കിലും  ഓർത്ത് വാ ടീച്ചർ....ടീച്ചർ പറഞ്ഞാൽ  ബാക്കി എല്ലാരും  വരും....പ്ലീസ്........."

വരാത്തതിന് ഉന്നയിച്ച കാര്യങ്ങൾ ഇതൊക്കെയാണ്,

1.  farewell എന്നാൽ എന്താന്നറിയോ നിങ്ങൾക്ക്?നിങ്ങൾ ടീച്ചേഴ്സിന്     കൊടുക്കുന്നതാണ് farewell...അല്ലാതെ ഞങ്ങൾ നിങ്ങൾക്ക് തരുന്നതല്ല.
അപ്പോൾ നേരത്തെ ക്ഷണിക്കാതെ ഞങ്ങൾ എങ്ങനെ വരും ??
2.  സമയമുണ്ടായിരുന്നില്ല എന്ന് നിങ്ങൾ പറയുന്നു എന്നാൽ പെണ്‍കുട്ടികളെപ്പോൾ സാരി മേടിച്ചു..??അവരെപ്പോൾ ബ്ലൗസ് തയ്പ്പിച്ചു..??ഒരു കാര്യം പറയുമ്പോൾ പഴുതുകളടയ്ക്കണ്ടേ???"

ഇതു കേട്ടു വന്ന പുണ്യാളൻ പറഞ്ഞു," ഈ കാണിക്കുന്നത് ശെരിയല്ല..".അതൊന്നും കേൾക്കാനവർ തയാറായതേയില്ല..അതുകൊണ്ടു തന്നെയാണ് അയാളൊറ്റയ്ക്ക്  ക്ലാസ്സിലേക്ക് ചെന്നതും നേർമയുള്ളതും  നനുനനുത്തതുമായ കുറച്ചു വാചകങ്ങൾ പറഞ്ഞു കൊടുത്തതും.കാലമെത്ര തേഞ്ഞു മാഞ്ഞാലും സുഖമുള്ള ഒരു നോവായി അതെന്നും കൂടെയുണ്ടാകുമെന്ന് ഓരോരുത്തർക്കും അവരുടെ നിറ കണ്ണുകൾ പറഞ്ഞു കൊടുത്തു....ഹൈ കോളസ്ട്രോൾ  ഉണ്ടായിരുന്നിട്ടും അവരൊപ്പമിരുന്ന് ആ മനുഷ്യൻ ബിരിയാണിയും ഐസ്ക്രീമും കഴിച്ചു....ഇതറിഞ്ഞ  ഒ.മൃദുല കലി പൂണ്ട് അവിടെ എത്തുമ്പോൾ അവസാന ഫോട്ടോ സെഷൻ നടക്കുന്നുണ്ടായിരുന്നു.എല്ലാവരെയും ഇറക്കി വിട്ട്‌ വാതിലടച്ചു താഴിട്ട് പൂട്ടി..അവരുടെ കയ്യിൽ ഒരു വെള്ള കടലാസുണ്ടായിരുന്നു,നില നില്ക്കുന്ന ശാസനം-restriction of mobile camera and other camera inside the class.അപ്പോഴേക്കും മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് ആർപ്പു വിളിയും കയ്യടിയൊച്ചകളും കേട്ടു ....

ഒ.മൃദുലയുടെ നാക്ക് പോന്നായിരുന്നോ???അവരു  പറഞ്ഞ  പോലെ സപ്ലിയിട്ട് ജോലിയില്ലാതെ റോഡിൽ തെണ്ടി..പക്ഷേ ആണ്‍പഠിപ്പിസ്റ്റുകൾ  അവർ ചർച്ച ചെയ്ത  ദൃഷ്ടിഗോചരമാകുന്ന പ്രയുക്ത  ശാസ്ത്രമുപയോഗിച്ച്‌  ഒരു കമ്പനി അങ്ങു തുടങ്ങി..സപ്ലിക്കാർ അവിടെ റിസെപ്ഷനിൽ ഇരുന്നും അഥിതികളെ സ്വീകരിച്ചും ചായ മേടിച്ചു  കൊടുത്തും പേപ്പറുകളോരോന്നായി എഴുതിയെടുത്തു...കൂട്ടത്തിൽ ആണ്‍പഠിപ്പിസ്റ്റുകളവരെ programming language കൾ ശീലിപ്പിച്ചു...'1 kg പഞ്ചസാര  വാങ്ങണം' എന്ന event  അഥവാ  സാഹചര്യമുണ്ടായാൽ അതേറ്റു പിടിക്കാനുള്ള handler അഥവാ കൈകാര്യം ചെയ്യുന്നവനെ കുറിച്ചുമൊക്കെ പഠിപ്പിക്കുക മാത്രമല്ല അതൊക്കെ ചില project കളിൽ implement  ചെയ്യാനും പഠിപ്പിസ്റ്റുകൾ അവർക്കവസരമൊരുക്കി...അങ്ങനെ ടെക്നോളജി അവർക്കൊരു തൊഴിലുകൊടുത്തു....അപ്പോഴേക്കും AICT പുതിയ നിയമം നിലവിൽ വന്നു....ആദ്യം തെറിച്ചത്‌ ഒ .മൃദുലയുടെ തൊപ്പി....അങ്ങനെ ഓരോ തൊപ്പികൾ വീഴുന്നതും കാത്ത് ധാരികൾ ക്ഷമയോടെ നോക്കി നിന്നു ...എന്നാൽ ബുദ്ധിയെ
അലസതയിൽ നിന്നും വിരസതയിൽ നിന്നും തല്ലി പിഴിഞ്ഞ് എഞ്ചിനീയറായ നോട്ടപ്പുള്ളികൾ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറന്ന് ജീവിത വിജയത്തിൻറെ പാതയിലെത്തുകയാവാം....