പ്രഭാതത്തിൻറ്റെ വെളുത്ത നൂലിഴകൾ വീഴാൻ തുടങ്ങിയിട്ടില്ല…രാന്തലുകൾ തെളിയുന്നതേയുള്ളൂ..…ഒരു ജാള്യതയോടെ പോകാനിറങ്ങിയ ഇരുട്ടിൻറ്റെ കൂടെ അയാളും വേഗത്തിലിറങ്ങി
നടന്നു...ആദ്യ വണ്ടി പിടിച്ചു സത്യമംഗലത്തെത്തിയപ്പോഴേക്കും ഉച്ചഭാഷിണിയിൽ
" അല്ലാഹു
അക്ബർ " മുഴങ്ങുന്നുണ്ടായിരുന്നു . ഇന്ന് കുറച്ചു
വൈകിപ്പോയെന്നു തോന്നുന്നു . അല്ലെങ്ങിൽ സത്യമംഗലത്തു നിന്നു ബസ് കേറി മുളങ്കുന്നത്ത്
പാലം കടക്കുമ്പോഴാണ്
ബാങ്ക് കേൾക്കാറുള്ളത് . തോളിൽ
ഉണ്ടായിരുന്ന ചാക്ക് പൈപ്പിനടുത്തുള്ള
തിണ്ണയിൽ ഒതുക്കി വച്ച് കാലു കഴുകി പള്ളിയിലേക്ക്
കയറി സുബഹി നിസ്കാരത്തെ അനുഗമിച്ചു..
ഒരു നെടുവീർപ്പോടെ
"പടച്ചോനെ...വല്ലാത്ത ചെയ്തായിപ്പോയി ??",
ഇതു കേട്ട ഒരു അപരിചിതൻ,“ആദ്യായിട്ടാണോ ഇവിടെ..? “ അയാൾ തലയാട്ടി.
അപരിചിതൻ തുടർന്നു, "വെറുതെയല്ല .. ഇതിവിടെ സ്ഥിരം ഏർപ്പാടാണ്. കുറച്ചു നൊസ്സുണ്ടേ
മൂപ്പർക്ക്. ഇന്നത്തെ ഈ നീട്ടലിന്റെ കാര്യം വേറൊന്നുമല്ല
... മൂപ്പരാന് ഇവിടുത്തെ അത്താഴം കൊട്ടി..ആരും ഏൽപ്പിച്ചതല്ല .. എല്ലാം സ്വന്തമങ്ങു ഏറ്റെടുക്കുന്നതാ .
വെളുപ്പിന് , ഉറങ്ങി കിടന്ന കേശവൻ നായരെ അത്താഴം
കുടിക്കാൻ വിളിച്ചുണർത്തി പോലും.."മുസ്തഫാക്ക എണീക്കിൻ..അത്താഴത്തിനു നേരായി.. എണീക്കിൻ
.. എണീക്കിൻ .."ഉറക്കത്തിൽ നിന്നും ചാടി എണീറ്റ കേശവൻ നായർ എവന്റെ കവാലം പൊളന്നു എന്നാണു കേട്ടത് “
“അള്ളാ നേരോ ?”
“പിന്നല്ലാതെയോ ?”
അപരിചിതൻ, "ഹാസ, നീ രക്ഷപ്പെട്ടന്നു കൂട്ടിക്കോ
... ദോ പോണ കണ്ടാ.. അവന്റെ ഇന്നത്തെ കച്ചോടം പോയി.. നല്ലവനാണെന്നു
തോന്നുന്നു ഇല്ലേൽ നിന്നെ വെറുതെ വിട്ടിട്ടു പോകുമോ..??"
ഒരു തപ്പിത്തടച്ചിലോടെ, ഞാൻ .. ഞാൻ.. എന്തു ചെയ്തെന്നാ?
ടിയാനാണ് നമ്മുടെ കഥാനായകൻ - നാരകപ്പറമ്പിൽ ഈസ..നാരകപ്പറമ്പിൽ വീട്ടിലെ ഏഴു മക്കളിൽ നാലാമൻ..മേലിലും കീഴിലുമായി മൂന്നു സഹോദരികളും മൂന്നു സഹോദരന്മാരും.പതിവു തെറ്റിക്കാതെ പതിവിലും നേരത്തെ സഹോദരികൾ നിക്കാഹ്
കഴിഞ്ഞു പോയി.എന്നാൽ ടിയാന്റെ കീഴെയുള്ള സഹോദരന്മാർ മൂപ്പരു കെട്ടാൻ
കാത്തു നിന്ന് മൂത്തു നരച്ചു.നിക്കാഹ് കഴിക്കാനുള്ള അവരുടെ അടങ്ങാത്ത പൂതി ആങ്ങളയെ
പെണ്ണു കാണിക്കാൻ ഓരോ വീട്ടിലും കേറ്റി ഇറക്കിയപ്പോൾ നേരെ ഇളയ അനിയൻ നാരകപറമ്പിൽ റഹീം നാട്ടിലെത്തിച്ച പരാതി ഇപ്രകാരം.
"എങ്ങനെ നിക്കാഹ് നടക്കും..പെണ്ണു വരും ചായ കൊടുക്കും വാങ്ങി പിന്നില് വെയ്ക്കും,
ചായ കുടിക്കില്ലല്ലോ! അപ്പോഴേക്കും നാരങ്ങ വെള്ളം വരും. അതും വാങ്ങി പിന്നില്
ചായയോടടുപ്പിച്ചു വെയ്ക്കും, ഹറാത്തിൽ പിറന്ന നാലഞ്ച് കൊസറാക്കൊള്ളി ചോദ്യങ്ങൾ ചോയിക്കും പെണ്ണിനോട്. അതോടെ
ഹലാക്കിന്റെ അവിലും കഞ്ഞിയുമാകും അതും.എന്തിനു പറയണ് ഇയാൾടെ ഉയിര് കിടക്കണതെങ്ങനെയെന്ന് ഒടയ തമ്പുരാനു മാത്രമറിയാം.മുട്ട കഴിക്കൂല... മീൻ കഴിക്കൂല..പാലു
കുടിക്കൂല...നല്ലൊരു വലിയ പെരുന്നാളിനു പോലും
ആട്ടിറച്ചിയോ കോയി ബിരിയാണിയോ കഴിക്കൂല. ഒരു നിക്കാഹു പോലും ഇയാളു കഴിക്കൂല.ഇവനെയൊക്കെ മുസ്‌ലിയാരാക്കിയോമ്മാരെ വേണം ആദ്യം അറയാൻ.ഒരു മൊയ്‌ലിയാര്.നെറ്റികുന്നിലബ്ബയേക്കാൾ വലിയ മുസ്‌ലിയാരാണോ യെവൻ ?എലപ്പയുടെ വീട്ടിപ്പോയി ഷിർക്കാനെന്നും പറഞ്ഞ് അവിടെ
ഇരുന്നോരെ മുഴുവൻ ഇറക്കി വിട്ടതും കൂടെ അറിഞ്ഞോടെ നാരകപ്പറമ്പിന്ന് ഞങ്ങളടിച്ചുപുറത്താക്കി
.മരിയാദി എങ്കി മരിയാദി... മരിയാദി പടിച്ചിട്ട് വരട്ടെ.”
ആരാണീ നെറ്റിക്കുന്നിലെബ്ബ.?
"..ഇവന് ഇച്ചിരെ നോസ്സുണ്ടന്നെയുള്ളു.. ഹറാംപെറപ്പുകാണിക്കില്ല.."
പരക്കെ ഈ വിചാരമങ്ങ്
പടർന്നുപിടിച്ചു.....അതോടെ ഉഷാറായ ഹാസയുടെ പ്രതാപം ഓത്തുപള്ളിയിൽ നിന്നും ഓരോ മുസ്ലിം വീടുകളിലുമെത്തി...തന്റെ വരവറിയിക്കാൻ കോളിംഗ് ബെല്ലിനു പകരം ഒരാറേഴ് ചുമ നിർത്തി നിർത്തി ചുമയ്ക്കും. എന്നിട്ടും വാതിൽ തുറന്നില്ലെങ്കിൽ ബ്രേക്കില്ലാത്ത ചുമയുടെ പ്രവാഹമഴിച്ചുവിടും .അങ്ങനെ ഓരോ വാതിലും തുറക്കുന്നിടത്തുനിന്നു തുടങ്ങും ടിയാന്റെ അറബി ശിക്ഷണം...
"..ഹ ..അല്ല ..ഹാ....ഹാ എന്നു പറയുമ്പോൾ തൊണ്ടയിൽ നിന്നും ഒരു കുളിരു പുറത്തോട്ടു വരണം.."
"...
ദാല് അല്ല.... ദാല് .. ദാല് എന്നു പറയുമ്പോൾ മൃദുവാക്കിയ നാക്ക് മേലെ പല്ലിൽ മുട്ടണം .."
അങ്ങനെ ഓരോന്നും ആവർത്തിച്ച് പറയിപ്പിച്ചു വിരസതയുണ്ടാക്കാൻ ഹാസ മിടുക്കനാണെന്നു എടുത്തു പറയണോ ?
ഇത്തരത്തിൽ പുരോഗമിക്കുന്ന ക്ലാസുകൾ അവസാനിക്കണമെങ്കിൽ ഓരോ ഓത്തുകാരനും ഇടക്കൊന്നു വെള്ളം കുടിക്കാൻ പോയി വരണം.അവർ തിരിച്ചെത്തിയാൽ പിന്നിൽ നിന്നും മങ്ങിയതോ പഴകിയതോ
ആയ പ്രതിധ്വനി കേൾക്കാനാകും.
ആ പ്രതിധ്വനിയുടെ ഉടമ ചില വീടുകളിൽ ഉമ്മൂമ്മയാകും ചിലവീടുകളിൽ വാപ്പുമ്മയാകും മറ്റുചിലവീടുകളിൽ ഉപ്പൂപ്പയും......
"ഇന്നലെ കേറി വന്നിരിക്കണ് ഒൻപതു മണിക്ക്. ഒന്നാത് എന്റെ കെട്ടിയോൻ നാട്ടിലില്ല. അസമയത്ത് എന്റെ വീട്ടീന്നു ഉസ്താദിന്റെ ചുമ കേട്ടാ ആൾക്കാരെന്തു പറയൂല ... ചോയിച്ചാ
പറയും "ഏഴുമണി കുട്ടികൾ " കഴിഞ്ഞാലേ വരാനൊക്കു പോലും .."
അസമയം-ഗൾഫ്കാരന്റെ ഭാര്യ-ചുമ ,വളരെയേറെ ചിന്തിക്കേണ്ടിയിരിക്കുന്ന ഒന്നുതന്നെ. എന്നിട്ടും എന്തുകൊണ്ട് മൂപ്പരിത് ചിന്തിക്കുന്നില്ല..!!
ചുരുക്കിപ്പറഞ്ഞാൽ സ്ത്രീജനങ്ങളുടെ പവിത്രതക്കുതന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണത്രേ നമ്മുടെ നാരകപ്പറമ്പിൽ ഈസ !!!!!
അൽപ്പം പുശ്ചത്തോടെ , "നീ എന്തോന്ന് പറയണ്.. അവനൊരു പുണ്ണാക്കും അറിയില്ലെടി.. അവന്റെ തപ്പിത്തടഞ്ഞുള്ള ഓത്തു കേട്ടതിന്റെ അന്നു നിർത്തിയതാണ് എന്റെ പുള്ളേരുടെ പടിത്തം .."
“ഹാ എന്ന് പറയുമ്പോ തൊണ്ടേന്ന് കുളിര്
വരണം പോലും…കുരു കൊണ്ടുപോയവൻ
എന്റെ കൊച്ചിനെക്കൊണ്ട് ‘ഹാ’ ന്നു പറയിച്ച് പറയിച്ച് ശബ്ദം വരെ പോയി. ഇതുകേട്ട്
ഹാലിളകിയ എന്റെ കെട്ടിയോൻ പറഞ്ഞ്,"ഉസ്താദേ എന്റെ കൊണം മാറ്റിക്കാതെ പോയീൻ നിങ്ങള്..
നമ്മളും പടിച്ച ഹാ തന്നല്ലേ ഇത്… ഒര് പുതിയ കൂത്ത് .."
അന്നുമുതലത്രേ നാരകപറമ്പിൽ ഈസക്ക് ഹാസ എന്നു പേരു കിട്ടിയത്, ഈസയിലെ 'സ' യും കുളിരുകോരുന്ന ഹാ യും ചേർന്ന്.
"നിങ്ങൾക്കു കേക്കണോ... മെനിഞ്ഞാന്ന് വലിയതിലെ
ഓട്ടോ ഓടിക്കണ ഷാജിയോടു ചോയിച്ച് പോലും
‘മാധവൻ പത്രത്തിന്റെ എഡിറ്റർ മനോരമയുടെ വീടേതാ എന്ന്’ “
"റബ്ബേ... അങ്ങേരുവന്നാപ്പിന്ന
മനുഷ്യന് ചെവിതല കേക്കണ്ട. ഇങ്ങനെ ഒരു മേനിപറച്ചിലുണ്ടാ??എസ്.എസ്.എൽ.സി ക്ക് നാനൂറ്റിനാല്പ്പത് മാർക്കുണ്ട്പോലും.സഹിക്കാൻ
വയ്യാതെ ഒരു ദെവസം എന്റെ ആങ്ങള എസ്. എസ്. എൽ
.സി ബുക്ക് കൊണ്ടുവരാൻ പറഞ്ഞ് .അതി പിന്നെ അങ്ങേരാ വഴിക്ക് വന്നിട്ടില്ല...പടച്ചോനു
സ്തുതി..."
ഓത്തിലെ ഹായിലും ദാലിലും ജീമിലുമൊക്കെ മൂപ്പരു കാണിക്കുന്ന കർക്കശ മനോഭാവം അയാളുടെ ജീവിതത്തിലും പ്രതിഫലിച്ചിരുന്നു. അല്ലെങ്കിലൊരുപക്ഷെ തിരിച്ചാവും സംഭവിച്ചത്.ജീവിതത്തിലുള്ള ചില മർക്കട ബുദ്ധി ഹായിലും ദാലിലും ജീമിലും പ്രതിഫലിച്ചതാവാം. അതുകൊണ്ടു തന്നെ പലരുമയാളെ അകറ്റി നിർത്തി .പക്ഷെ ഈ അകറ്റുകാരുടെ പല-ചില ആവശ്യങ്ങൾക്കും കൈ സഹായത്തിന് ഹാസ തന്നെ വേണമത്രേ..!
ശേഷം പരമ്പിലേക്കു കേറി ഇരുന്ന് ക്രൂരമായി ചിരിക്കാറുള്ള ആ സൂചികളെ ഒന്നൂടി നോക്കുമ്പോൾ 2.30.
ഉടനെ….. “അള്ളോ ഞാനിപ്പോ വിളിച്ച ബാങ്ക് ബാങ്കല്ലേ ഇനി വിളിക്കാൻ പോകുന്നതാണേ ബാങ്ക്.”എന്നുറക്കെ ഉച്ചഭാഷിണിയിൽ വിളിച്ചു പറഞ്ഞു .അതൊരു വലിയ കോളിളക്കമുണ്ടാക്കി എന്നുതന്നെ പറയണം .
നിസ്ക്കരിക്കാനല്ലാതെ പള്ളിയിൽ പ്രവേശിക്കാനുള്ള ഹാസയുടെ അവകാശത്തെ ആ സംഭവമെടുത്തു കളയിച്ചു .പക്ഷെ ഓരോ മയ്യത്തു മഞ്ചലുകളും മലയിറങ്ങി അവിടേക്കു വന്നു കേറുമ്പോൾ അവരോരോരുത്തരുടെയും വീടുകളിൽ വിലാപ വേദനയിൽ തളർന്നു വീണവരുടെ അരികിലെത്തി വെള്ളവും ചായയും കൊടുക്കാനും, പഴവും ബ്രഡും കൊടുക്കാനും ദിവസങ്ങളോളം തേയില കാച്ചിയും ചൂടുവെള്ളം തിളപ്പിച്ചും അവരിലൊക്കെ നനവു പകരാനും ഒരു പള്ളിക്കമ്മറ്റിയും ചുമതലപ്പെടുത്തിയതല്ല.മരണവീടുകളിൽ ചന്ദനത്തിരി എരിയുമെങ്കിൽ……പൊങ്ങിയും താഴ്ന്നും അലമുറകൾ കേൾക്കുമെങ്കിൽ….. അതിനിടയിലൂടെ സലാത്തുകളും
ദിക്കിറുകളും മുഴങ്ങുമെങ്കിൽ….. അവർക്കിടയിൽ ഓടി നടക്കാൻ ഹാസയുമുണ്ടാകും....എന്നാൽ മയ്യത്തുകളോരോന്നും പള്ളിക്കാട്ടിലെത്തി മൂന്നു തികയുമ്പോൾ ഹാസ തന്റെ
ഓത്തുകാരന്റെ അടുത്തെത്തിയിട്ടുണ്ടാകും
ഹാ..യും ...ദാലും ..ജീമും ..ഷദ്ദും...കിസറുമൊക്കെയായിട്ട്.....
അല്ല എന്നു തന്നെ പറയണം.ഓരോ നാട്ടിലുമുണ്ടാകും ഇതുപോലെ ‘ഹാസകൾ’.എല്ലാവരാലും കളിയാക്കപ്പെട്ട്….ഒരു നികൃഷ്ട്ട ജീവിയായി… മറ്റുള്ളവർക്കുവേണ്ടി എന്തൊക്കെയോ ചെയ്ത്….ആരിൽ നിന്നും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ…. അബദ്ധങ്ങളിൽപ്പെട്ട്….ജീവിതത്തിന്റെ കുത്തൊഴുക്കിൽ മുന്നോട്ട് പോകുന്നവർ….അവർക്കാർക്കും തന്നെ കുടുംബമുണ്ടാവില്ല....കുട്ടികളുണ്ടാവില്ല…. ബന്ധുക്കളുണ്ടാവില്ല…. മിത്രങ്ങളുണ്ടാവില്ല... മറ്റൊന്നുമുണ്ടാകില്ല..തികച്ചും നിസ്വാർഥമായി ആർക്കൊക്കെയൊവേണ്ടി എന്തൊക്കെയോ ചെയ്തു ജീവിച്ചു മരിക്കുന്നവർ.....
സത്യത്തിൽ ആരാണിവരൊക്കെ
??????